കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.

Visitors

Sunday, July 10, 2011

നിള


ഓളങ്ങളുടെ നിസ്വങ്ങള്‍ 
മുത്തശ്ശിക്കഥയിലെ പഴമൊഴിയി 
ആത്മാവില്‍  നിറയുമ്പോള്‍ 
ഭൂമിയുടെ വിളറിയ മുഖംമാത്രം.
വാരിയ മണലിന്‍റെ പിണക്കവും 
രക്തം പുരണ്ട  മണ്ണിന്‍റെ തേങ്ങലും
തൊണ്ടയില്‍  ഉടുക്ക് കൊട്ടുമ്പോള്‍ 
കലിയുഗത്തിന്‍റെ കറുത്ത മുഖം.

ഹേ...നിളേ,
ആരോടും പരിഭവമില്ലാതെ 
നിന്‍റെ മൂകതയുടെ നൈരന്തര്യം 
പര്‍വ്വത സാനുക്കളില്‍ നിറഞ്ഞ്
പ്രതിഫലിക്കുമ്പോള്‍
താളാത്മകമായ ഈ അരങ്ങില്‍ 
പുഞ്ചിരിക്കുന്ന ചിലമ്പോലി നാദമെവിടെ ?
ചുടലപ്പറമ്പിന് കൂട്ടിരിക്കുന്ന 
ആകാശത്തെവിടെയോ 
കത്തിത്തീര്‍ന്ന മെഴുകുതിരിയായ്‌ മാത്രം 
നിള.

നിന്‍റെ തലോടലേറ്റ
ഭൂമിയുടെ പുഞ്ചിരിപ്പുമൊട്ടുകള്‍
വെണ്‍ചാമരം വീശിയ കേരളത്തനിമയുടെ
വെണ്ണക്കല്‍ കൊട്ടാരത്തിലെവിടെയോ
ഒരു വെള്ളാരംകല്ലുപോലെ മാത്രം 
നിള.

Saturday, July 9, 2011

ദുഃഖ കാണ്ഡങ്ങള്‍യാഥാര്‍ത്ഥത്തിന്‍റെ സ്പര്‍ശനം
ഉള്ളില്‍ പരക്കുന്ന സന്ധ്യയിലലിയുമ്പോള്‍
ജീവന്‍റെ ചിതലരിച്ച ഭാണ്ഡത്തില്‍  നിന്ന്
വക്കു പൊട്ടിയ പാത്രവുമായ്
വഴിയരികില്‍ കാരുണ്യത്തിനായി
പിച്ച തെണ്ടുന്ന ഭൂമി....

വേനലിന്‍റെ വേരുകള്‍
വെള്ളമെടുക്കാന്‍ പോയപ്പോള്‍
മാനുഷ ഹൃത്തുകളില്‍
ക്രൂരതയുടെ തീപന്തങ്ങള്‍
ജ്വലിച്ചു കൊണ്ടേയിരുന്നു..
പണമെറിഞ്ഞു തലകൊയ്ത്
ശരീരം മെതിച്ച്‌ ചോരപുരണ്ട ഇവിടം
സന്ധ്യകള്‍ കുടിച്ചു വറ്റിക്കുന്നു....

ബോധം മറയ്ക്കുന്ന ജാതി മതങ്ങളുടെ ദംഷ്ട്രകള്‍
വിദ്വേഷത്തിന്‍റെ തീക്കനലില്‍ തട്ടി
രോക്ഷാകുലമാകുമ്പോള്‍
ജീവിതങ്ങള്‍ക്കുമീതെ
ഇരുണ്ട സന്ധ്യകള്‍ പതിക്കുന്നു....

ഇരുളിന്‍റെ മറവില്‍ഇരുന്ന്
അഥര്‍വവേദം പഠിച്ചവര്‍
ശുഭ്രവസ്ത്രങ്ങള്‍ക്കുള്ളില്‍ പൊയ്മുഖമൊതുക്കി
ദുശ്ശാസനക്കുത്ത് നടത്തി
അട്ടഹസിക്കുമ്പോള്‍
ത്രിസന്ധ്യകള്‍ സിന്ദൂരങ്ങളെ
പതുക്കെ മായ്ച്ചുകളയുന്നു....

വെടിഉണ്ടകള്‍ ഉതിര്‍ക്കുന്ന മഴത്തുള്ളികള്‍
പൂവുകളെ തല്ലി കൊഴിക്കുന്നു....
സ്വപ്‌നങ്ങള്‍ വറ്റിയ ജീവിതങ്ങളില്‍
'ചതിച്ചന്തം' ആസ്വദിക്കുന്നു....

എങ്കിലും,
ഈ ഗ്രീഷ്മ സന്ധ്യയില്‍
നൊമ്പരങ്ങളുടെ കടുംചായങ്ങള്‍  കൊണ്ടെഴുതിയ
കളത്തിനരികെ നിന്ന്
നമുക്ക് പ്രത്യാശിക്കാം....
ദാരികന്‍മാരെ വധിച്ച്‌
നന്മ വീണ്ടെടുക്കുന്ന ഒരു നാളെയെപ്പറ്റി
അതുവരെ
ധൃതരാഷ്ട്രരുടെ അന്ധത കടംവാങ്ങി
വല്മീകത്തിലൊരു സുഖനിദ്ര.....

Saturday, December 11, 2010

കവിത

നിലാവ് ഉരുകി ഉരുകി
ഞാന്‍ വാര്‍ക്കുന്ന കവിതാദര്‍പ്പണ ശകലങ്ങളില്‍
ചെന്ന് പതിച്ചു.
മനസ്സിന്‍റെ സന്തോഷം ഭാവന കട്ടെടുത്തു.
ഓരോ തുള്ളി വീഴുമ്പോഴും
അക്ഷരങ്ങള്‍ പാകമാവാന്‍ പുകഞ്ഞുകൊണ്ടിരുന്നു....

വികാരങ്ങളുടെ തള്ളിച്ചയില്‍
ഞാന്‍ എന്‍റെ  ദര്‍പ്പണത്തിനു രൂപം നല്‍കി.
പോയകാല കൈരളിവസന്തം പ്രതിഫലിപ്പിക്കാനല്ല.......
പൂക്കളെ വേരോടെ ഇറുത്തെടുത്തു
"ബോണ്‍സായ് " കൃഷി പ്രോത്സഹിപ്പിക്കുന്നത്
കാണാതിരിക്കാന്‍......

കാണാകാഴ്ചകള്‍

രക്തം വിറ്റ കാശുകൊണ്ട് ഞാന്‍
ലഹരി വാങ്ങിച്ചു.
ലഹരിയുടെ പിന്‍ബലത്തില്‍ 
നഷ്ടസ്വപ്നങ്ങളെയും വ്യര്‍ത്ഥ മോഹങ്ങളെയും 
മറക്കാനായി 
ചന്ദ്രന്‍ കേള്‍ക്കുവോളം ഉച്ചത്തില്‍ 
ജീവിതത്തെ തെറി പറഞ്ഞു.

വഴിയെപോയ കാറ്റിനേയും
വഴിപിഴച്ച സഹോദരിയേയും
തള്ളി പറഞ്ഞു.........

തുള്ളിയിട്ട മഴയേയും
തുളവീണ ഹൃദയത്തെയും 
ശപിച്ചു............

തള്ളി നീക്കിയ പകലിനേയും
തളര്‍ന്നു കട്ടിലേറിയ അമ്മയേയും,
അഞ്ച്‌ മീറ്റര്‍ കയര്‍ ഊഞ്ഞാലക്കിയ അച്ഛനേയും ഓര്‍ത്തു കരഞ്ഞു.........

ചിതലടിഞ്ഞ  മേല്‍ക്കുരയും
ചിലന്തിവല തൂങ്ങിയ മച്ചകവും
ദാരിദ്ര്യം എത്തി നോക്കുന്ന അടുക്കളയും
കടക്കെണിയില്‍ ഇര കോര്‍ത്തിരിക്കുന്ന ബാങ്ക് മാനേജരും...........

വേണ്ടാ ...........ഒന്നും ഓര്‍ക്കണ്ട........
ഈ ബോധം അങ്ങ് നശിച്ചെങ്കില്‍.........

പിന്നീട്,
രക്തം വില്ക്കുന്നത് ഒരു ലഹരിയും
ലഹരി കുടിക്കുന്നത് ജീവിതവുമായി....
ഊറ്റി ഊറ്റി ഒടുവില്‍ ,
ഈ വഴിയരികില്‍ ജഡംആയി  കിടക്കുമ്പോള്‍
എല്ലാവരും പറയും.....
"തെണ്ടി....കള്ളുകുടിച്ചു ബോധമില്ലാതെ കിടപ്പാണ്..."

Friday, December 10, 2010

എന്‍റെ കവിത

കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.