കവിതയുടെ ഉറവിടം തേടിയുള്ള ഒരു യാത്ര...........പലപ്പോഴായി മനസ്സില്‍ കുറിച്ച വരികള്‍. ഹൃദയത്തിന്‍റെ വേദനകളില്‍ നിന്നാണ് കവിതകള്‍ ജനിക്കുനത്.....ഇതെന്‍റെ വേദനകളാണ്, ചിലത് സന്തോഷങ്ങളും.

Visitors

Sunday, July 10, 2011

നിള


ഓളങ്ങളുടെ നിസ്വങ്ങള്‍ 
മുത്തശ്ശിക്കഥയിലെ പഴമൊഴിയി 
ആത്മാവില്‍  നിറയുമ്പോള്‍ 
ഭൂമിയുടെ വിളറിയ മുഖംമാത്രം.
വാരിയ മണലിന്‍റെ പിണക്കവും 
രക്തം പുരണ്ട  മണ്ണിന്‍റെ തേങ്ങലും
തൊണ്ടയില്‍  ഉടുക്ക് കൊട്ടുമ്പോള്‍ 
കലിയുഗത്തിന്‍റെ കറുത്ത മുഖം.

ഹേ...നിളേ,
ആരോടും പരിഭവമില്ലാതെ 
നിന്‍റെ മൂകതയുടെ നൈരന്തര്യം 
പര്‍വ്വത സാനുക്കളില്‍ നിറഞ്ഞ്
പ്രതിഫലിക്കുമ്പോള്‍
താളാത്മകമായ ഈ അരങ്ങില്‍ 
പുഞ്ചിരിക്കുന്ന ചിലമ്പോലി നാദമെവിടെ ?
ചുടലപ്പറമ്പിന് കൂട്ടിരിക്കുന്ന 
ആകാശത്തെവിടെയോ 
കത്തിത്തീര്‍ന്ന മെഴുകുതിരിയായ്‌ മാത്രം 
നിള.

നിന്‍റെ തലോടലേറ്റ
ഭൂമിയുടെ പുഞ്ചിരിപ്പുമൊട്ടുകള്‍
വെണ്‍ചാമരം വീശിയ കേരളത്തനിമയുടെ
വെണ്ണക്കല്‍ കൊട്ടാരത്തിലെവിടെയോ
ഒരു വെള്ളാരംകല്ലുപോലെ മാത്രം 
നിള.

Saturday, July 9, 2011

ദുഃഖ കാണ്ഡങ്ങള്‍യാഥാര്‍ത്ഥത്തിന്‍റെ സ്പര്‍ശനം
ഉള്ളില്‍ പരക്കുന്ന സന്ധ്യയിലലിയുമ്പോള്‍
ജീവന്‍റെ ചിതലരിച്ച ഭാണ്ഡത്തില്‍  നിന്ന്
വക്കു പൊട്ടിയ പാത്രവുമായ്
വഴിയരികില്‍ കാരുണ്യത്തിനായി
പിച്ച തെണ്ടുന്ന ഭൂമി....

വേനലിന്‍റെ വേരുകള്‍
വെള്ളമെടുക്കാന്‍ പോയപ്പോള്‍
മാനുഷ ഹൃത്തുകളില്‍
ക്രൂരതയുടെ തീപന്തങ്ങള്‍
ജ്വലിച്ചു കൊണ്ടേയിരുന്നു..
പണമെറിഞ്ഞു തലകൊയ്ത്
ശരീരം മെതിച്ച്‌ ചോരപുരണ്ട ഇവിടം
സന്ധ്യകള്‍ കുടിച്ചു വറ്റിക്കുന്നു....

ബോധം മറയ്ക്കുന്ന ജാതി മതങ്ങളുടെ ദംഷ്ട്രകള്‍
വിദ്വേഷത്തിന്‍റെ തീക്കനലില്‍ തട്ടി
രോക്ഷാകുലമാകുമ്പോള്‍
ജീവിതങ്ങള്‍ക്കുമീതെ
ഇരുണ്ട സന്ധ്യകള്‍ പതിക്കുന്നു....

ഇരുളിന്‍റെ മറവില്‍ഇരുന്ന്
അഥര്‍വവേദം പഠിച്ചവര്‍
ശുഭ്രവസ്ത്രങ്ങള്‍ക്കുള്ളില്‍ പൊയ്മുഖമൊതുക്കി
ദുശ്ശാസനക്കുത്ത് നടത്തി
അട്ടഹസിക്കുമ്പോള്‍
ത്രിസന്ധ്യകള്‍ സിന്ദൂരങ്ങളെ
പതുക്കെ മായ്ച്ചുകളയുന്നു....

വെടിഉണ്ടകള്‍ ഉതിര്‍ക്കുന്ന മഴത്തുള്ളികള്‍
പൂവുകളെ തല്ലി കൊഴിക്കുന്നു....
സ്വപ്‌നങ്ങള്‍ വറ്റിയ ജീവിതങ്ങളില്‍
'ചതിച്ചന്തം' ആസ്വദിക്കുന്നു....

എങ്കിലും,
ഈ ഗ്രീഷ്മ സന്ധ്യയില്‍
നൊമ്പരങ്ങളുടെ കടുംചായങ്ങള്‍  കൊണ്ടെഴുതിയ
കളത്തിനരികെ നിന്ന്
നമുക്ക് പ്രത്യാശിക്കാം....
ദാരികന്‍മാരെ വധിച്ച്‌
നന്മ വീണ്ടെടുക്കുന്ന ഒരു നാളെയെപ്പറ്റി
അതുവരെ
ധൃതരാഷ്ട്രരുടെ അന്ധത കടംവാങ്ങി
വല്മീകത്തിലൊരു സുഖനിദ്ര.....